Sunday, October 14, 2007

കെ.സി.വിപിന്റെ അഭിപ്രായം

കെ.സി.വിപിന്റെ അഭിപ്രായം
വിപിന്‍ മംഗ്ലീഷില്‍ കൊടുത്തിരുന്ന അഭിപ്രായം മലയാളത്തിലാക്കി ഇവിടെ വീണ്ടും ഇടുന്നു:
=============
ഞാന്‍ ഒരു കണ്ണൂര്‍ക്കാരന്‍. കണ്ണൂര്‍ എസ്‌.എന്‍ കോളേജില്‍ പഠിക്കുമ്പോള്‍ എസ്‌.എഫ്‌ ഐ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തലശ്ശേരി ബ്രണ്ണന്‍ കോളേജിലും പോകേണ്ടി വരുമായിരുന്നു. അവിടെ ചെന്നാല്‍ വിജയന്‍ മാഷുടെ ക്ലാസ്സുകളില്‍ 'കട്ടു കയറി' ഇരിക്കാറുണ്ട്‌. [ഇത്‌ കട്ട്‌ ചെയ്ത്‌ ഇറങ്ങിപ്പോവുന്നതിനു വിപരീതമായ ഒരു പ്രവര്‍ത്തിയാണ്‌.] എന്നെ കൂടാതെ ഇങ്ങനെ ചെയ്യുന്ന നാലഞ്ചു പേരെ എനിക്കറിയാം. മാഷാവട്ടെ 'ക്ലാസ്സ്‌' എന്ന 'കൂട്ടായ മനസ്സി'നോടാണ്‌ സംസാരിച്ചിരുന്നതെന്നു തോന്നും. അതു കൊണ്ടു തന്നെ ഞങ്ങളുടെ മുഖങ്ങള്‍ അദ്ദേഹം കണ്ടിട്ടില്ലെന്നു ഞങ്ങള്‍ വിശ്വസിച്ചു.അതോ മാഷ്‌ അറിഞ്ഞിട്ടും കാരുണ്യത്തോടെ കണ്ണടച്ചതാണോ? അതാണ്‌ അദ്ധ്യാപകര്‍ മനസ്സിലാക്കേണ്ടുന്ന ഒരു കാര്യം. ബുദ്ധിയുള്ള കുട്ടികള്‍ മാത്രമേ ക്ലാസ്സുകള്‍ 'കട്ട്‌' ചെയ്യാറുള്ളൂ. ഇവര്‍ വിവരമുള്ള അദ്ധ്യാപകരുടെ ക്ലാസ്സുകളില്‍ 'കട്ട്‌ കയറി' ഇരിക്കുകയും ചെയ്യും. ചുരുക്കത്തില്‍ ഇതാണു വിജയന്‍ മാഷിനു കുട്ടികളുടെ ഇടയില്‍ ഉണ്ടായിരുന്ന സ്വാധീനം. പിന്നീട്‌ ഞാന്‍ ബാംഗളൂരില്‍ ജോലി ചെയ്തു കൊണ്ടിരുന്നപ്പോള്‍ അവിടെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഒരു ഇടതുപക്ഷ സാംസ്കാരിക സംഘടന വിജയന്‍ മാഷെ പ്രഭാഷണത്തിനായി ക്ഷണിക്കുകയുണ്ടായി. മാഷുടെ കാര്യങ്ങള്‍ നോക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയില്‍ ഞാനുമുണ്ടായിരുന്നു. അവിടെ വെച്ചു കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞു. സംസാരിച്ചു കൊണ്ടിരിക്കെ 'കട്ട്‌ കയറുന്ന' കാര്യം ഞാന്‍ തന്നെ വെളിപ്പെടുത്തി. ചെറിയ ഒരു പുഞ്ചിരി കൊണ്ടു മാഷ്‌ എന്നെ അനുഗ്രഹിച്ചു. ഇപ്പോള്‍ മെല്‍ബണില്‍ 'ആഗോള വികസനത്തി'ല്‍ (ഇന്റര്‍നാഷണല്‍ ഡെവലപ്‌മന്റ്‌) റിസര്‍ച്ച്‌ ചെയ്തു കൊണ്ടിരിക്കുന്ന എനിക്കു വിജയന്‍ മാഷുടെ പല അഭിപ്രായങ്ങളും ദീര്‍ഘവീക്ഷണത്തോടു കൂടിയവ ആയിരുന്നു എന്നു തോന്നാറുണ്ട്‌. പല പാശ്ചാത്യ ചിന്തകരുടെ പുസ്തകങ്ങള്‍ വായിക്കുമ്പോഴും, ഇതു വിജയന്‍ മാഷ്‌ എത്രയോ മുന്‍പേ പറഞ്ഞതാണല്ലോ, എന്നു തോന്നാറുണ്ട്‌. മറുവശവും പറയട്ടെ, പലപ്പോഴും എനിക്കു വിജയന്‍ മാഷുടെ അഭിപ്രായങ്ങളോട്‌ വിയോജിപ്പ്‌ തോന്നിയിട്ടുണ്ട്‌. 'പറശ്ശിനിക്കടവ്‌ മൃഗബലി'യെപ്പറ്റി മാഷുടെ അഭിപ്രായം എന്നെപ്പോലുള്ള പലരെയും വല്ലാതെ ചൊടിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌. എന്നിരുന്നാലും, ഒരു കാര്യം പറയാതിരിക്കുക വയ്യ. അത്രക്കു നല്ല ഒരു മാഷെ ഇനി കേരളത്തിനു കിട്ടുകയില്ല. കണ്ണടച്ചതിനു ശേഷവും 'ചിലര്‍' അദ്ദേഹത്തെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ്‌, ഇത്ര ദൂരെ (മെല്‍ബണില്‍) ഇരിക്കുന്ന എനിക്കു പോലും സഹിക്കാന്‍ പറ്റാത്തത്‌. മാഷു ബ്രണ്ണന്‍ കോളേജില്‍ പഠിപ്പിച്ചിരുന്ന കാലത്ത്‌ അതിന്റെ സമീപത്തെവിടെയെങ്കിലും പഠിച്ചിരുന്ന കുട്ടികള്‍ വിജയന്‍ മാഷെ ഇന്നും സ്നേഹിക്കുന്നുണ്ട്‌. പരേതാത്മാവിനോടു ചെയ്യുന്ന ഈ നിഷ്ഠൂരത ഇനിയെങ്കിലും നിര്‍ത്തിക്കൂടെ. മെല്‍ബണ്‍

Click here for the article
-പുഴ.കോം സപ്പോര്‍ട്ട്, മെല്‍ബണ്‍, ആസ്ട്രേലിയ