ഒരു വിവാദമുണ്ടാകുന്നത് വാദവും പ്രതിവാദവും ഉയരുമ്പോഴാണ്. വാദവും പ്രതിവാദവും വിഷയത്തിന്റെ യഥാര്‍ത്ഥ തലത്തെ സംബന്ധിച്ചാകുമ്പോള്‍ വിവാദം കാമ്പും കഴമ്പും വലിയ ഉത്തരങ്ങളും സൃഷ്ടിക്കുന്നു. ഖേദകരമെന്നു പറയട്ടെ, ഇവിടെ മിറര്‍സ്കാന്‍ ഉയര്‍ത്തുന്ന പല വിഷയങ്ങള്‍ക്കും ഗുണപരമായ പ്രതിവാദങ്ങള്‍ ഉണ്ടാകുന്നില്ല എന്നതാണു സത്യം(ഇതിനെ ഗൌരവമായ വശത്തോടെ കൈകാര്യം ചെയ്യുന്ന ചില വായനക്കാര്‍ ഉണ്ട് എന്നത് കുറച്ചേറെ ആശ്വാസം നല്‍കുന്നു). നമുക്കൊക്കെ എഴുതുന്ന ഭാഷയാണ് പ്രശ്നം, പ്രവര്‍ത്തിക്കുന്ന കൊള്ളരുതായ്മകള്‍ അല്ല. അറപ്പുളവാക്കുന്ന സദാചാരത്തിന്റെ മേലങ്കിയണിഞ്ഞ മനസുകള്‍ക്ക് ചില വര്‍ത്തമാനങ്ങള്‍ കേട്ടാല്‍ ഓക്കാനം വരും എന്നത് പ്രതികരണമില്ലാത്ത നാടിന്റെ ഗതികേടാണ്. മിറര്‍സ്കാനില്‍ ഉപയോഗിക്കുന്ന അസഭ്യപദങ്ങളെന്ന് ചിലര്‍ പറയുന്നവ, അത് ആരെയാണോ ഉദ്ദേശിക്കുന്നത് അവരുടെ വ്യക്തിപരമായ അവസ്ഥകളെ ബാധിക്കുന്നവയല്ല. എങ്കിലും ചിലരുടെ വ്യക്തിപരമായ ഇടപെടലുകള്‍ അടക്കം പലതും സാമൂഹിക നിലപാടുകളെ സ്വാധീനിക്കുന്നുണ്ടെങ്കില്‍ അത് വിമര്‍ശിക്കപ്പെടുന്നത് സ്വാഭാവികം മാത്രം. മിറര്‍സ്കാനിന്റെ വേദി സാമൂഹികരംഗത്തെ ഇടപെടലുകളാണ്. ആ ഇടപെടലുകളില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുകയും അതിനെ തിരുത്തുകയുമാണ് എഴുത്തുകാരനേക്കാള്‍ ധാര്‍മ്മികബോധമുള്ള വായനക്കാര്‍ ചെയ്യേണ്ടത്.
മിറര്‍ സ്കാന്‍ ഒരു അഴുക്കുചാലാണെന്നു കരുതിയാലും തെറ്റില്ല. ഒരു അഴുക്കുചാലിന്റെ ധര്‍മ്മം വളരെ വലുതാണ്. ഒരു നാടിന്റെ അഴുക്കുകള്‍ മുഴുവന്‍ ഒലിച്ചുപോകുന്ന ഇടമാണിത്. ഒരുപാട് അഴുക്കുകള്‍ മനസിലടച്ചുവെച്ച് വെളുക്കെ ചിരിക്കുന്നവരേക്കാളും ശുദ്ധമായിരിക്കും ഒരോ അഴുക്കുചാലുകളും. പലയിടത്തും മൂടിവെയ്ക്കപ്പെട്ട അഴുക്കുകള്‍ ഒലിച്ചുപോകുന്നത് നമുക്കിവിടെ കാണാം. അതു കാണാനും കുറെ ധൈര്യം വേണം.കാണുമ്പോഴേക്കും ഓക്കാനിക്കുന്നവര്‍ ഇതുവഴി വരേണ്ടതില്ല. അവരൊക്കെ പുറമെ വെളുക്കെ ചിരിക്കുന്നവരുടെ മുഖം കണ്ട് ആത്മസംതൃപ്തിയടഞ്ഞോളൂ.
അഹോ മുഖം, അഹോ സ്വരം... എന്നൊരു അവസ്ഥ പുഴക്കില്ല. അതുകൊണ്ടാണ് പലരും വിളിച്ചുപറയാന്‍ മടിക്കുന്നവ ഈ മാഗസിന്റെ പല പേജുകളിലും വെളിച്ചം കാണുന്നത്. മിറര്‍ സ്കാന്‍ എന്ന ഒരു പംക്തിയില്‍ മാത്രം ഒതുങ്ങുന്നതല്ല പുഴ മാഗസിന്‍. ഇതിന് പല കൈവഴികളുണ്ട്. അതിലൊന്നു മാത്രമാണു മിറര്‍ സ്കാന്‍. ഇതിന്റെ ഭാഷ അശ്ലീലമായി കാണുന്നവര്‍, ആദ്യം എതിര്‍ക്കേണ്ടത് ഇതിലും അശ്ലീലമായി സമൂഹത്തില്‍ ഇടപെടുന്നവരെയാണ്. ചീഞ്ഞു പുഴുവരിക്കുന്ന മൃതദേഹത്തില്‍ പട്ട് പുതപ്പിച്ച്അതു കൊണ്ട് കാര്യമില്ല. നമുക്കാ പട്ട് എടുത്തു മറ്റാം. എടുത്തുമാറ്റാന്‍ ചെല്ലുമ്പോള്‍ ദുര്‍ഗന്ധമുണ്ടാകുന്നത് സ്വാഭാവികം. ഈ പട്ട് എടുത്തു മാറ്റുന്ന പണി ചിലര്‍ക്ക് `മഞ്ഞ`ത്തരമായി ചിലര്‍ക്കു തോന്നുന്നുണ്ടെങ്കില്‍ ആ മഞ്ഞത്തരം തെറ്റെല്ലന്നു ഞങ്ങള്‍ കരുതുന്നു.
പുഴ ഡോട്ട് കോമുമായി തുടര്‍ന്നും സഹകരിക്കുക...
Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,