Thursday, November 1, 2007

കേരളപ്പിറവി, പുഴ.കോം, മലയാളം എന്നിവ

കേരളപ്പിറവി, പുഴ.കോം, മലയാളം എന്നിവ

എല്ലാ വായനക്കാര്‍ക്കും കേരളപ്പിറവിയുടെ ആശംസകള്‍!

കേരളത്തിലെ പുഴ.കോമിന്റെ ഓഫീസ് ഇന്ന് അടഞ്ഞുകിടക്കുകയാണ്. പലര്‍ക്കും അറിയാവുന്നതുപോലെ ഹര്‍ത്താല്‍ തന്നെ കാരണം. ലോകവും അതിലുള്‍പ്പെട്ട മലയാളികളും ഇന്റര്‍നെറ്റുപോലെ അത്യാധുനികമാഗ്ഗങ്ങളിലൂടെ അതിവേഗം മുന്നോട്ടുപോകുമ്പോള്‍ ഹര്‍ത്താല്പോലെ പുരോഗതിക്ക് തടസ്സമാകുന്ന രാഷ്ട്രീയതന്ത്രങ്ങള്‍ അവിടെ അനുസ്യൂതം അരങ്ങേറുന്നത് കേരളത്തെക്കുറിച്ചുള്ള യാഥാര്‍ത്യങ്ങളിലേക്ക് നമ്മളെ മടക്കിക്കോണ്ടു വരുന്നു. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഇതില്‍ കുറ്റക്കാരാണ്. വിദേശികള്‍ ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ ഇത്തരം സമരങ്ങള്‍ ഒരു ദിവസമെങ്കിലും അവരെ രാജ്യത്തിന്റെ ചോരയും നീരും ഊറ്റിയെടുക്കുന്നതില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ സഹായിച്ചു. ഇപ്പോള്‍ ഇത്തരം സമരങ്ങള്‍ ആര്‍ക്കെതിരെയാണ്? കച്ചവട-കമ്പോളങ്ങള്‍ തുറന്നില്ലെങ്കില്‍ കൂലി നഷ്ടപ്പെടുന്ന ചുമട്ടുകാ‍രനും കൂലിപ്പണിക്കാരനുമെതിരെയോ? കഷ്ടം! ജനാധിപത്യമെന്നത് പന്തുകളിപോലെ രാഷ്ട്രീയമത്സരങ്ങള്‍ക്കുള്ള ലൈസന്‍സാണെന്ന് വിചാരിക്കുന്ന രാഷ്ട്രീയക്കാരാണ് നമ്മുടെ ശാപം. പാര്‍ട്ടിയുടെ രാഷ്ട്രീയജയങ്ങളേക്കാള്‍ ജനങ്ങളുടെ ഉന്നതിക്കുവേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നേതാക്കള്‍ എന്നാണ് നമുക്കുണ്ടാവുക?

പുഴക്ക് ഇത്തവണ മലയാളത്തിനുവേണ്ടി ചെയ്യാന്‍ കഴിഞ്ഞത് ഈ പുതിയ രണ്ടു സൈറ്റുകളാണ്- �കേരള വാര്‍ത്തകള്‍, മലയാളം കൃതികള്‍� ഉം �തൊരപ്പ�നും.

മലയാളി വാര്‍ത്താപ്രിയരാണ്. നമ്മുടെ വാര്‍ത്തവായനയുടെയും അതുവഴി കൈവരുന്ന പൊതുവിഞ്ജാനത്തിന്റെയും കഥകള്‍ ലോകമെമ്പാടും പരന്നിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസില്‍ കുറച്ചുനാള്‍ മുമ്പ് വന്ന ഒരു യാത്രാവിവരണത്തില്‍ റസ്സലിനെക്കുറിച്ച് സംസാരിക്കുന്ന ടാക്സിഡ്രൈവറെക്കുറിച്ച് വളരെ അത്ഭുതത്തോടെ എഴുതിക്കണ്ടു. (ആ ലേഖികയെ പിന്നീടെനിക്ക് സിലിക്കണ്‍ വാലിയിലൊരു ഒരു ഓണാഘോഷപരിപാടിക്ക് ക്ഷണിച്ചുകൊണ്ടുപോയി ആഘോഷങ്ങളൊക്കെ കാണിച്ചുകൊടുക്കാന്‍ അവസരമുണ്ടായി.) അതത്ര വലിയ കാര്യമല്ലെന്ന് നമുക്ക് പരന്ന വായനക്കാരായ മലയാളികള്‍ക്കറിയാം. അത്തരം വായനയെ സഹായിക്കാനാണ് �കേരള വാര്‍ത്തകള്‍, മലയാളം കൃതികള്‍� തുടങ്ങിയിട്ടുള്ളത്. വാര്‍ത്തക്ക് പ്രാമുഖ്യം കൊടുക്കുന്ന സൈറ്റുകളും, ബ്ലോഗുകളും, പുഴ പോലുള്ള ഇ-സൈനുകളുമായിട്ട് എന്നും വളരെയധികം സൃഷ്ടികള്‍ വെബ്ബില്‍ വെളിച്ചം കാണുന്നുണ്ട്. തല്‍ക്കാലം അവയെല്ലാം ഒരു സ്ഥലത്ത് കാണിക്കുക എന്നതാണ് ലക്ഷ്യം. എല്ലാ തരത്തിലുള്ള സൃഷ്ടികളും സൈറ്റുകളും ഇതില്‍ ഉള്‍പ്പെടുത്തിയതിനുശേഷം വായനാനുഭവം മെച്ചപ്പെടുത്തുന്ന പല പുതിയ ഫീച്ചറുകളും അതില്‍ ചേര്‍ക്കുന്നതാണ്. ദയവായി ആ സൈറ്റ് കൂടുതല്‍ പ്രയോജനകരമാക്കുവാന്‍ നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ അറിയിക്കുക.

�തൊരപ്പന്‍� digg.com -ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ട് ചെയ്തിട്ടുള്ളതാണ്. രണ്ടുതരത്തിലാണ് മലയാളിയുടെ വായനയില്‍ അതു മൂല്യവര്‍ദ്ധനയുണ്ടാക്കുന്നത്. 1. ബ്ലൊഗുകളിലല്ലാതെ മറ്റു പല സൈറ്റുകളിലും സൃഷ്ടികള്‍ ചര്‍ച്ചചെയ്യാനുള്ള അവസരം ഇല്ല, അല്ലെങ്കില്‍ പരിമിതമാണ്. അത്തരമൊരു സാഹചര്യത്തില്‍ സൃഷ്ടികളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താനും മറ്റും കഴിയുന്നു. 2. വോട്ടിംഗിലൂടെ നല്ല സൃഷ്ടികളെ ഉയര്‍ത്തിക്കൊണ്ടു വരാനും, വെബ്ബിലെ എഴുത്തുകാര്‍ തമ്മില്‍ ആരോഗ്യകരമായ ഒരു മത്സരം തുടങ്ങാനും സഹായിക്കുന്നു. 3. സര്‍വ്വോപരി ഒരു സൃഷ്ടിയെ അതിന്റെ പ്രസാധകരുടെയും ഉടമകളുടെയും നിയന്ത്രണങ്ങള്‍ക്ക് പുറത്തുകൊണ്ടുവന്ന് ചര്‍ച്ചചെയ്യുവാന്‍ സഹായിക്കുന്നു. ബ്ലോഗില്‍ നടക്കേണ്ട ചര്‍ച്ചയെ തട്ടിയെടുക്കുകയല്ല �തൊരപ്പ�ന്റെ ലക്ഷ്യം; നല്ല ബ്ലോഗ് പോസ്റ്റുകളെ സാധാരണവായനാക്കാരന് തിരഞ്ഞെടുക്കുവാന്‍ സഹായിക്കുകയാണ്.

പുഴ.കോം 2000-ല്‍ മലയാളത്തില്‍ സ്വയം‌പ്രസിദ്ധീകരണം തുടങ്ങിവച്ചപ്പോള്‍ വെബ്ബില്‍ മലയാളം പിച്ചവയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാലും നൂറുകണക്കിന് കൃതികള്‍ അങ്ങനെ പ്രസിദ്ധീകരിക്കപ്പെട്ടു. പുഴ.കോമിന്റെ മാഗസിനില്‍ ആയിരത്തോളം എഴുത്തുകാര്‍ എഴുതി; ബ്ലൊഗ് വരുന്നതിന് മുമ്പ് കുറെ ലിറ്റില്‍ മാഗസിനുകളെ വെബ്ബിലേക്ക് കൊണ്ടുവരാന്‍ സഹായിച്ചു. പുഴയുടെ വരും കാലസംരംഭങ്ങളും ആ വഴിക്കായിരിക്കും; ഞങ്ങള്‍ക്ക് പറ്റാവുന്ന രീതിയില്‍ മലയാളം വായനയെയും എഴുത്തിനെയും വെബ്ബില്‍ പ്രോത്സാഹിപ്പിക്കുക.

Click here for the article
-തോമസ് കെ. തേക്കാനത്ത്, സിലിക്കണ്‍ വാലി,