പ്രണയത്തിന്റെ അമ്ലലായനി
സുധാ ബാലചന്ദ്രന്‍
കോളം: വായനയുടെ ലോകം
സമകാലിക മലയാള സാഹിത്യത്തില്‍ ഏറ്റവും പുഷ്‌ക്കലമായ ശാഖ ചെറുകഥയുടേതാണെന്ന കാര്യത്തില്‍ നിരൂപകര്‍ക്കും വായനക്കാര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. സമകാലിക ജീവിതയാഥാര്‍ത്ഥ്യങ്ങളോടും അവസ്ഥാവിശേഷങ്ങളോടും തനതായ ശൈലിയില്‍ പ്രതികരിക്കുന്ന മൗലികപ്രതിഭയുളള എഴുത്തുകാര്‍ ഇന്നു ചെറുകഥാമേഖലയിലുണ്ട്. പണ്ടൊരിക്കലുമില്ലാത്തവിധം സ്‌ത്രീപ്രാതിനിധ്യവും ഈ രംഗത്തു കാണാം. എഴുതിത്തെളിഞ്ഞവരും അവര്‍ക്കൊപ്പം നില്‍ക്കുകയും പ്രതീക്ഷയുയര്‍ത്തുകയും ചെയ്യുന്ന പുതുതലമുറയും ചെറുകഥാകാരികളിലുണ്ട്.
ഗഹനമായ ജീവിതവീക്ഷണവും ഭാവതീഷ്ണതയാര്‍ന്ന ഭാഷാശൈലിയും വിശാലമായ അനുഭവസമ്പത്തും അപൂര്‍വ്വതയുളള ഇതിവൃത്തങ്ങളുമൊക്കെക്കൊണ്ട് ശ്രദ്ധേയയായ ഒരു കഥാകാരിയാണ് കെ.ആര്‍. മീര. പത്രപ്രവര്‍ത്തനത്തിന്റെ അനുഭവസമ്പത്ത് മീരയുടെ കഥാലോകത്തെ ഒട്ടൊന്നുമല്ല പോഷിപ്പിച്ചിട്ടുളളത്. ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, കരിനീല തുടങ്ങിയ കൃതികള്‍ക്കുശേഷം മീര എഴുതിയ "മീരാസാധു" നോവലെന്നാണ് പ്രസാധകര്‍ (ഡിസി ബുക്‌സ് 2008 ഫെബ്രു.) അവകാശപ്പെടുന്നതെങ്കിലും ഒരു നീണ്ടകഥയോ നോവലെറ്റോ ആണ്.
മീരയുടെ ചെറുകഥകളില്‍ വലിയൊരുപങ്ക് ഇതിവൃത്തത്തിന്റെ അപൂര്‍വ്വത കൊണ്ട് ശ്രദ്ധിക്കപ്പെട്ടവയാണ്. അഥവാ ഇതിവൃത്തത്തിന് അപൂര്‍വ്വത അവകാശപ്പെടാനില്ലെങ്കില്‍ ആഖ്യാനത്തില്‍ കൈവരിക്കുന്ന അപൂര്‍വ്വത കൊണ്ട് ചില കഥകള്‍ ശോഭിക്കുന്നു. 'മീരാസാധു'വിന്റെ കാര്യത്തിലാവട്ടെ, വിഷയത്തിന്റെ അപൂര്‍വ്വതയും ആഖ്യാനത്തിന്റെ സവിശേഷതയും ഹൃദ്യമായി സമ്മേളിക്കുന്നു.
വൃന്ദാവനത്തില്‍ 5000 ക്ഷേത്രങ്ങളും പതിനായിരത്തോളം അഗതികളായ സ്‌ത്രീകളുമുണ്ടത്രേ. തല മുണ്ഡനം ചെയ്‌ത് വെളളസാരിയുടുത്ത് വടിയും ഭിക്ഷാപാത്രവുമായി പകലിരവോളം ഭജനമണ്ഡപത്തില്‍ നാമം ജപിക്കുകയും പിച്ചത്തെണ്ടുകയും ചെയ്യുന്നവര്‍. ടെമ്പിള്‍ ട്രസ്‌റ്റില്‍ നിന്ന് ദിവസവും റേഷനായി 10 ഗ്രാം വീതം അരിയും പരിപ്പും പിന്നെ 10 രൂപ അലവന്‍സും ലഭിക്കുന്നവര്‍. ആര്‍ക്കും വേണ്ടാത്ത കുറേ ജന്മങ്ങള്‍. മീരാസാധുക്കള്‍ എന്നാണവര്‍ അറിയപ്പെടുന്നത്. അത്തരമൊരു സ്‌ത്രീയാണ് ഈ കൃതിയിലെ കേന്ദ്രകഥാപാത്രം.
വൃന്ദാവനം എന്നു കേള്‍ക്കുമ്പോള്‍ ശരാശരി ഭാരതീയന്റെ മനസ്സിലുണരുന്ന കാല്‍പനിക മനോഹരവും ഭക്തിനിര്‍ഭരവുമായ ചില ചിത്രങ്ങളുണ്ട്. ഘനശ്യാമകോമളമായ വനാവലിയും പൈക്കള്‍ മേയുന്ന യമുനാതീരവും ഗോപീഹൃദയവിധുരതയറിയുന്ന ലതാനികുഞ്ജങ്ങളും നിറഞ്ഞ വൃന്ദാവനത്തിലെ മണല്‍ത്തരിയും പുല്‍ക്കൊടിയും പോലും കൃഷ്‌ണസ്‌മരണയാല്‍ പുളകം കൊണ്ടുനില്‍ക്കുന്നുവെന്നാണ് പറഞ്ഞു കേള്‍ക്കാറ്. മഹാഭാരതവും ഭാഗവതവും ജയദേവഗീതികളുമൊക്കെക്കൂടി വിരയിച്ചു തരുന്ന ഭാവോജ്ജ്വലമായ സങ്കല്‍പചിത്രങ്ങളെയൊക്കെ തകര്‍ത്തു തരിപ്പണമാക്കിക്കൊണ്ട് കെ.ആര്‍.മീര, കേരളത്തിലെ ഐജിയായിരുന്ന ഒരാളുടെ മകളായി സമ്പന്നകുടുംബത്തില്‍ പിറന്ന് ചെന്നൈ ഐ.ഐ.റ്റിയില്‍ നിന്ന് റാങ്കുവാങ്ങി എഞ്ചിനീയറിംഗ് പാസായ തുളസി വൃന്ദാവനത്തിലെ അഗതികളായ മീരാസാധുക്കളിലൊരുവളായതെങ്ങനെ എന്നു കാണിച്ചുതരുന്നു.
വിഷയം പ്രേമം തന്നെ. പക്ഷേ ഭീകരമായ, അക്ഷരാര്‍ത്ഥത്തില്‍ ഭ്രാന്തു പിടിപ്പിക്കുന്ന പ്രേമം. ഐ.ഐ.ടിയില്‍ സീനിയറായിരുന്ന അമേരിക്കയില്‍ ജോലിയുളള വിനയനുമായി നിശ്ചയിച്ചുറപ്പിച്ച കല്യാണത്തിനു തലേന്ന് മാധവനുമൊത്ത് ഒളിച്ചോടാന്‍ തുളസിയെ പ്രാപ്‌തയാക്കിയത് പ്രേമമായിരുന്നോ? അവസാന നിമിഷം വരെ മാധവന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചുനിന്ന തുളസി മാധവന്‍ ആദ്യമായി സ്പര്‍ശിച്ച മാത്രയില്‍ സ്വബോധം നഷ്‌ടപ്പെട്ടവളായിക്കഴിഞ്ഞു ("അയാള്‍ എന്റെ ശരീരത്തില്‍ എന്തോ ദുര്‍മ്മന്ത്രവാദം ചെയ്‌തു") തന്റെ ഡെയിലമ മനസ്സിലാക്കാനോ എതിര്‍ത്തു നില്‍ക്കാനുളള ശക്തി പകര്‍ന്നു തരാനോ വിനയനും അച്ചനമ്മമാര്‍ക്കും കഴിയാതെ വന്നപ്പോള്‍ തുളസി അതു ചെയ്‌തു. 'മരിക്കാറായ എന്റെ അമ്മയെയും ആരുടെയും മുമ്പില്‍ തലകുനിക്കാത്ത അച്‌ഛനെയും രണ്ടനിയത്തിമാരെയും വിനയനെയും ക്രൂരമായി പരിഹസിച്ച്' ഒളിച്ചോടി. സ്വന്തം വാല്‍ വിഴുങ്ങിയ സര്‍പ്പത്തെപ്പോലെയായി അവളുടെ പ്രേമം. സ്വയം വായിലാക്കാന്‍ ശ്രമിച്ച് വിശപ്പു ശമിക്കാതെ അതു വട്ടം കറങ്ങി.
മാധവന്റെ ജീവിതത്തിലേക്ക് 27 കാമുകിമാര്‍ക്കുശേഷം ("ആരെയും ഞാന്‍ തേടിച്ചെന്നില്ല. എല്ലാവരും എന്നെത്തേടി വരികയായിരുന്നു"- മാധവന്‍) എത്തിയ തുളസി താനാണയാളുടെ അവസാന ലക്ഷ്യമെന്നു വിശ്വസിച്ചു. പക്ഷേ അവള്‍ 2 കുഞ്ഞുങ്ങളുടെ അമ്മയാവുന്നതിനിടെ മാധവന്റെ ജീവിതത്തില്‍ 'ഒരു യുവനടിയും അവര്‍ക്കു പിന്നാലെ ഒരു രാഷ്‌ട്രീയനേതാവും ഒരു പത്രപ്രവര്‍ത്തകയും അതിനു പിന്നാലെ ഒരെഴുത്തുകാരിയും പിന്നാലെ ഒരു ചാനല്‍ അവതാരകയും ഒടുവിലൊരു നര്‍ത്തകിയും" പ്രവേശിച്ചു കഴിഞ്ഞിരുന്നു. ആദ്യകാലത്ത് ഭ്രാന്തുപിടിപ്പിക്കുന്ന പ്രേമലാളനകളും രതിസുഖവും കോരിച്ചൊരിഞ്ഞ് അവളുടെ സംശയങ്ങള്‍ അയാള്‍ അലിയിച്ചുകളഞ്ഞു. മിടുക്കനായ ജേണലിസ്‌റ്റിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും സമ്മാനിച്ച തിരക്കുകള്‍, പ്രശസ്തി.... ചാനലിലേക്കുളള മാറ്റം... തുളസിയും മക്കളും വിസ്‌മൃതരായിക്കൊണ്ടിരുന്നു. പിണക്കവും പരിഭവവും ശകാരവും മാധവനെ കൂടുതല്‍ അകലെയാക്കി. വീട്ടിലേക്ക് വരവുതന്നെ വല്ലപ്പോഴുമായി. ഒടുവിലത്തെ കാമുകി, നര്‍ത്തകി, ഗര്‍ഭിണിയായപ്പോള്‍ അവള്‍ക്കു മാധവനെ വിവാഹം കഴിക്കണമെന്നു നിര്‍ബന്ധം. അതിന് തുളസി ഒഴിഞ്ഞുകൊടുക്കണം. അവള്‍ ഒഴിഞ്ഞു കൊടുത്തു. മാധവനും കാമുകിക്കും മധുരം നല്‍കി ഡൈവോഴ്‌സ് പെറ്റീഷന്‍ ഒപ്പിട്ടുകൊടുത്ത് ആ രാത്രി മാധവനോട് അവള്‍ ഇരന്നുവാങ്ങി. ഒടുവില്‍ പുലര്‍ച്ചയ്‌ക്ക് അയാളെ തട്ടിയുണര്‍ത്തി താന്‍ വിഷം കൊടുത്തുകൊന്ന കുഞ്ഞുങ്ങളിലേയ്‌ക്കു ഗമിക്കുന്ന ശവംതീനിയുറുമ്പുകളെ കാട്ടിക്കൊടുത്തു. ആ നിമിഷങ്ങളുടെ വിഭ്രാമകമായ ചിത്രം ഇങ്ങനെ. "ഞാന്‍ നഗ്‌നയായിരുന്നു. നീണ്ട മുടി അഴിച്ചിട്ട് ഞാന്‍ പൊട്ടിച്ചിരിച്ചു. മുറിയില്‍ വട്ടം കറങ്ങി. എന്റെയൊപ്പം ഭൂമി കറങ്ങി.. എന്റെ കുഞ്ഞുങ്ങളുടെ ഉറുമ്പരിച്ച ശരീരങ്ങള്‍ കറങ്ങി. എല്ലാം എല്ലാം കറങ്ങി."
മാധവന്റെ പ്രഥമസ്‌പര്‍ശം തൊട്ട് സമചിത്തത നഷ്‌ടപ്പെട്ട് അവളില്‍ ഉന്മാദം മുളയിട്ടു തുടങ്ങിയിരുന്നുവെന്നും കഠിനമായ മാനസിക സമ്മര്‍ദ്ദവും ഏകാന്തതയും നിറഞ്ഞ വര്‍ഷങ്ങള്‍ക്കപ്പുറം ദാമ്പത്യത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമാകുന്ന ആ വേളയിലകപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്നും വാദിക്കുവുന്നതാണ്. അതൊരുപക്ഷേ തുളസിയെന്ന കഥാപാത്രത്തിന്റെ വിലയിടിച്ചുകാട്ടലാവും. അതിശക്തമായി പാത്രരചന നടത്തിയ അവമതിക്കലുമാകും. (കൃതിക്ക് അവതാരികയെഴുതിയ നിരൂപകന്‍ ശ്രീ. ആര്‍.എസ് കുറുപ്പ്".... അവളുടെ അവ്യാഖ്യേയമായ മനോനില എത്രയും സരളവും ഹൃദയദ്രവീകരണക്ഷമവുമായ രീതിയില്‍ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു" എന്നാണീ പരിണതിയെ നിരീക്ഷിക്കുന്നത്.)
ഏതായാലും മൂന്നും മാസങ്ങള്‍ക്കുശേഷം മെഡിക്കല്‍ കോളേജിലെ സൈക്കിയാട്രി വാര്‍ഡില്‍ നിന്ന് വീട്ടിലെത്തിയതിന്റെ പിറ്റേന്നാള്‍ അച്‌ഛന്റെ പണം മോഷ്‌ടിച്ച് തുളസി തിരികെ ദില്ലിയിലെത്തി. ഹോട്ടലില്‍ മുറിയെടുത്തു, മുറി മുറിച്ചു, അലഞ്ഞുനടന്നു. ഒടുവില്‍ എന്തോ ഒരു ഉള്‍പ്രേരണയ്‌ക്കു വശംവദയായി ("മഥുരയെന്ന പദം മാംസത്തില്‍ മറഞ്ഞുകിടന്ന മാധവന്റെ ഓര്‍മ്മയുടെ ആണിമുനയില്‍ കൊണ്ടു. വ്രണം ഇളകി") വൃന്ദാവനത്തിലെത്തി. മീരാസാധുക്കളെക്കണ്ടു. (ആ രംഗവര്‍ണ്ണന ഹൃദയഭേദകവും മരവിപ്പിക്കുന്നതുമായി.) അവരിലൊരാളാകാന്‍ നിശ്ചയിച്ചു. വളരെ ലളിതമായി അതു പ്രാവര്‍ത്തികമാക്കുകയും ചെയ്‌തു.
മീരാസാധുവായി 12 വര്‍ഷം വൃന്ദാവനത്തില്‍ ജീവിച്ച തുളസിയുടെ ജീവിതം മീര ആഖ്യാനം ചെയ്യുന്നത് വായനക്കാരന്റെ ഹൃദയത്തില്‍ തുള വീഴ്‌ത്തിക്കൊണ്ടാണ്. കാത്തിരിപ്പിന്റെ പന്ത്രണ്ടാം വര്‍ഷത്തില്‍ അവള്‍ക്കു പകപോക്കലിന്റെ പൂര്‍ണ്ണത പ്രദാനം ചെയ്യാന്‍ മാധവന്‍ വരികതന്നെ ചെയ്‌തു. സ്‌ത്രീകളെ അയാള്‍ക്കിന്നു ഭയമാണത്രേ. സ്‌ട്രോക്കുവന്ന് ഒരുവശം തളര്‍ന്ന മാധവന് തുളസിയെ കണ്ടപ്പോള്‍ ഹൃദയാഘാതവും ഉണ്ടായി. മടങ്ങിച്ചെല്ലാന്‍ കേണപേക്ഷിക്കുന്ന മാധവന്റെ ആസ്‌പത്രി മുറിയില്‍ നിന്ന് ചിരിച്ചുചിരിച്ചു തളര്‍ന്ന് ഗോവിന്ദ്‌ജി ക്ഷേത്രത്തിന്റെ മൂന്നാംനിലയിലെ ചുവന്ന മാര്‍ബിളിട്ട തണുത്ത നിലത്ത് താന്‍ വിതറിയ പഴങ്ങള്‍ തിന്നാന്‍ വന്ന (ക്ഷണിച്ചുവരുത്തിയ) കുരങ്ങന്മാരോട് കടിപിടികൂടി മുറിവേറ്റ് രക്തം വാര്‍ന്ന് അവള്‍ കിടന്നു. അപ്പോഴും ചിരിച്ചു.
ഉന്മാദത്തിന്റെ ആനന്ദനിര്‍വൃതിയില്‍ അവള്‍ ചിന്തിക്കുന്നതിങ്ങനെ "മാധവന്‍ എന്റേതാണ്. ഞാന്‍ ഇനിയും അയാളെ പ്രേമിക്കും. പകയോടെ പ്രേമിക്കും. പ്രേമം കൊണ്ട് പരാജയപ്പെടുത്തും. പവിത്രീകരിക്കും. ഒടുവില്‍, അയാളില്‍ തന്നെ വിലയം പ്രാപിക്കും."
മലയാള കഥാസാഹിത്യം കണ്ട അത്യസാധാരണയായ, അതിശക്തയായ ഒരു നായികയാണ് തുളസി. അതിസങ്കീര്‍ണ്ണമാണവളുടെ മനോഗതികള്‍. പക്ഷേ സങ്കീര്‍ണ്ണത ഏറുന്നതനുസരിച്ച് ലളിതവും സരളവുമായിത്തീര്‍ന്ന മീരയുടെ കഥപറച്ചില്‍. ചെറിയ കാര്യങ്ങള്‍ അത്ഭുതജനകമാം വിധം അവതരിപ്പിക്കുമ്പോള്‍ ഭീകരവും അസാധാരണവും അയുക്തികവും ഭ്രമാത്മകവുമായ കാര്യങ്ങള്‍ തികച്ചും ലളിതമായ വിധത്തില്‍ അവതരിപ്പിക്കുന്ന പ്രത്യേകത ഈ കൃതിയിലും കാണാം.
തുളസിയും മാധവനുമല്ലാതെയുളള കഥാപാത്രങ്ങള്‍ ചിലരേയുളളൂ. പക്ഷേ ചെറിയ തൂലികാചലനങ്ങള്‍ കൊണ്ട് അവരെയൊക്കെയും ജീവത്താക്കി മാറ്റിയിരിക്കുന്നു. വിനയനെ നോക്കുക. എത്ര മാന്യനാണയാള്‍. തന്നെ അവമാനിച്ച് ഒളിച്ചോടിയ തുളസിയോടയാള്‍ക്ക് ഒരു വൈരാഗ്യവുമില്ല. അവിവാഹിതനായി തുടരുകയും തുളസി സന്തോഷത്തോടെ ജീവിക്കുന്നില്ല എന്നു ദുഃഖിക്കുകയും ചെയ്യുന്നു. അവളുടെ ദാമ്പത്യത്തിലെ തകരാറുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നു. ഒടുവില്‍ വൃന്ദാവനത്തില്‍ വച്ച് തുളസി പാദങ്ങളില്‍ തലമുട്ടിച്ച് മാപ്പിരക്കുമ്പോള്‍ "എനിക്കിതു കാണാന്‍ വയ്യ തുളസീ" എന്നു കണ്ണു തുടയ്‌ക്കുന്ന വിനയന്റെ ചിത്രം മനസ്സില്‍ നിറഞ്ഞു നില്‍ക്കും.
കഥാപാത്രങ്ങള്‍ക്ക് കഥാകാരി നല്‍കിയിരിക്കുന്ന പേരുകള്‍ക്ക് സവിശേഷതയുണ്ട്. മാധവന്‍, 16008 ഭാര്യമാരുളള സാക്ഷാല്‍ മാധവന്റെ പേരിനര്‍ഹന്‍ തന്നെ. കൃഷ്‌ണന്റെ ഭക്തന്മാരില്‍ അഗ്രേസരയായ തുളസീദേവിയുടെ നാമമാണ് നായികയ്‌ക്ക്. മാധവന്‍ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന ഒടുവിലത്തെ കാമുകിയാകട്ടെ, ഭാമയാണ്.
പ്രേമവും പകയും തമ്മിലിടകലര്‍ന്ന് ഉന്മാദത്തിലലിയുന്ന കഥയുടെ ഗതിയില്‍ തുളസി പാടുന്ന മീരാഭജന്‍സ് പരഭാഗശോഭ പകരും.
ലൈംഗികതക്ക് ജീവിതത്തിലുളള സ്വാധീനം ഭയജനകകമാം വിധമാണ് മീര കൈകാര്യം ചെയ്യുന്നത്. പ്രസവത്തിന് അമ്മായിയമ്മയുടെ അടുത്തു ചെല്ലുമ്പോഴാണ് മാധവനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് തുളസി തിരിച്ചറിയുന്നത്. അവളുടെ പരാതി കേള്‍ക്കുമ്പോള്‍ "എനിക്ക് നെഞ്ചിലൊരു മറുകും തുടയിലൊരു മുറിവുമുളള കാര്യം തുളസിക്കറിയില്ലേ?" എന്നാണയാളുടെ മറുചോദ്യം.
മീര വരച്ചുകാട്ടുന്ന വൃന്ദാവനത്തില്‍ ഒരാള്‍ക്കും യഥാര്‍ത്ഥ ഭക്തിയില്ല എന്നത് ഭാരതീയ മനസ്സിനെ ഞെട്ടിക്കുന്ന അറിവാണ്. വാശിയോടെ നാമം ജപിക്കുന്ന മീരാസാധുക്കളുടെ പ്രപഞ്ചത്തില്‍ പോലുമില്ല. യൗവനയുക്തയായ തുളസിയെ രണ്ടാം ഭാര്യയാക്കാനാഗ്രഹിച്ചു മുറിയിലേക്ക് വരുത്തുന്ന പൂജാരിയെക്കുറിച്ച് പിന്നെന്തിനു പറയണം?
സര്‍പ്പങ്ങളും ശവംതീനിയുറുമ്പുകളും ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുകയും കഥാഗതിയില്‍ ആലോചനാമൃതമായ പങ്കു വഹിക്കയും ചെയ്യുന്നു. ആദിമധ്യാന്തപ്പൊരുത്തം ദീക്ഷിക്കാതെ സംഭവപരമ്പരകള്‍ അവതരിപ്പിക്കുന്നിടത്ത് മീര കാട്ടുന്ന കൈയടക്കമാവാം ശില്‍പഭദ്രതയുടെ പേരില്‍ വലിയൊരു സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അവതാരികാകാരനെ പ്രേരിപ്പിച്ചത്.
ഒമ്പതാം നിലയിലെ ഫ്ലാറ്റില്‍ വാര്‍ഡ് റോബിന്റെ താഴത്തെ തട്ടില്‍ മാധവന്റെ കാമുകിമാരുടെ പ്രേമലേഖനങ്ങള്‍ക്കിടയില്‍ ശവംതീനിയുറുമ്പുകള്‍ അരിച്ചുകൊണ്ടിരിക്കുന്ന കറുത്തപാമ്പിന്റെയും അത് പാതിവിഴുങ്ങിയ ചുണ്ടെലിയുടെയും ചിത്രം ഭീതിപ്രദമാണ്. തുളസിയുടെയും മാധവന്റെയും പ്രണയബന്ധത്തിന്റെയും അതിന്റെ പരിണതിയുടെയും രൂപകങ്ങളായി മാറുന്നു അവ. ഗര്‍ഭിണിയും ഏകാകിനിയുമായിരുന്ന വേളയില്‍ ആ കാഴ്‌ച അവളിലുണ്ടാക്കിയ മനഃസംഘര്‍ഷത്തിന്റെ വര്‍ണ്ണനയും നന്നായി. ഫസ്‌റ്റ് റാങ്കു വാങ്ങി ഐ.ഐ.ടി പാസായ മിടുക്കിയായ ഒരു പെണ്‍കുട്ടി എന്തിനിങ്ങനെ ജീവിതം എറിഞ്ഞുടയ്‌ക്കുന്നു എന്നു ന്യായമായി ചോദിക്കാം. തുളസിയും സ്വയം അതു ചിന്തിക്കുന്നുണ്ട്. 'വേണമെങ്കില്‍ അച്ഛന്റടുത്തേക്ക് മടങ്ങിച്ചെന്ന്, ജോലിചെയ്‌ത് മക്കളെ വളര്‍ത്തി ജീവിക്കാം. പക്ഷേ ആത്മപീഡനരതിയും പരപീഡനരതിയും കെട്ടുപിണഞ്ഞ് ഉന്മത്തമായിത്തീര്‍ന്ന ആ മനസ്സ് അതിനൊരുങ്ങിയതേയില്ല. അവള്‍ മറ്റൊരിടത്ത് സ്വയം വര്‍ണ്ണിക്കുംപോലെ ഉപയോഗിച്ചു വലിച്ചെറിഞ്ഞ ഒരു മണ്‍കുടമാണത്. അതു കഷണങ്ങളായി ചിതറിപ്പോയി. ആ കുടത്തില്‍ നിറഞ്ഞത് പാത്രത്തെപ്പോലും ദ്രവിപ്പിക്കുന്ന അമ്ലം പോലെയുളള മാധവന്റെ പ്രേമമായിരുന്നല്ലോ.
എല്ലാ അധ്യായവും ആരംഭിക്കുന്നത് പ്രേമത്തെക്കുറിച്ചും അതിനൊരുപമ നല്‍കിക്കൊണ്ടുമാവണമെന്ന നിര്‍ബന്ധം കൊണ്ട് കൃതിക്കു പ്രത്യേകിച്ചൊരു മെച്ചം കിട്ടിയിട്ടുണ്ടോ? പ്രേമത്തെയും പ്രേതത്തെയും ഉപമിക്കാന്‍ ശ്രമിച്ചത് ബാലിശവുമായി. "മാധവന്‍ എനിക്ക് ആ വിഷം തന്നു. ഞാന്‍ മരിച്ചില്ല. പകരം അയാളെ കൊന്നു. വിധവയായ ഞാന്‍ മഥുരയിലെ വൃന്ദാബനിലേയ്‌ക്ക് വന്നു" എന്നെഴുതിക്കൊണ്ടുളള ആദ്യഖണ്ഡം വായനക്കാരനെ വഴിതെറ്റിക്കുന്നതായിപ്പോയി. ഖണ്ഡനപരമായി പറയാന്‍ പ്രത്യേകിച്ചു തിരഞ്ഞാലും ഇങ്ങനെ ചിലതു മാത്രമേയുളളൂ.
അമ്ലം പോലെ സര്‍വ്വതും ദഹിപ്പിക്കുന്ന ഒരു പ്രേമകഥ അമ്ലസ്വഭാവമുളള ഭാഷയും ആഖ്യാനശൈലിയും ഉപയോഗിച്ച് കെ. ആര്‍ മീര പറഞ്ഞു തീര്‍ക്കുമ്പോള്‍ അനുവാചക ഹൃദയത്തില്‍ രാസപരിണാമങ്ങള്‍ വന്നു ഭവിക്കുന്നു.
കൃതിയെപ്പറ്റി അഭിപ്രായമെഴുതുക