ബുദ്ധിജീവികള്‍ ചെയ്യുന്ന രാജ്യദ്രോഹം
കെ.എം.റോയ്
"അമേരിക്കന്‍ സംസ്‌കാരത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?"
ചെന്നൈയിലെ അമേരിക്കന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസിന്റെ ഡയറക്‌ടറായ ഒരു അമേരിക്കക്കാരന്‍ എന്നോടു ചോദിച്ച ചോദ്യമാണിത്.
ആ ചോദ്യം കേട്ടപ്പോള്‍തന്നെ അതിന്റെ അര്‍ത്ഥവും ഉദ്ദേശ്യവും എനിക്കു മനസ്സിലായി കഴിഞ്ഞിരുന്നു. കാരണം ഈമാതിരിയൊരു ചോദ്യം മറ്റൊരു അമേരിക്കക്കാരനില്‍ നിന്നും ഞാന്‍ ഇതിനു മുമ്പും കേട്ടിട്ടുണ്ട്. അത് ശ്രീലങ്കയില്‍ വച്ചു ഒരു അമേരിക്കന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ദക്ഷിണേഷ്യന്‍ പത്രപ്രവര്‍ത്തകരുടെ ഒരു സെമിനാറില്‍ സംബന്ധിക്കാന്‍ പോയപ്പോള്‍ കൊളംബോയിലെ അമേരിക്കന്‍ എംബസിയില്‍ വച്ച് അവരുടെ സ്ഥാനപതി എന്നോടു ചോദിച്ച ഒരു ചോദ്യം തന്നെയായിരുന്നു.
അമേരിക്കന്‍ സ്ഥാനപതിയോടു മറുപടി എന്ന നിലയില്‍ ഞാന്‍ ചോദിച്ച ഒരു മറുചോദ്യമാണ് ഇന്‍ഫര്‍മേഷന്‍ ഡയറക്‌ടറോടും ഞാന്‍ പറഞ്ഞത്.
"അമേരിക്കക്ക് ഒരു സംസ്‌കാരം തന്നെയില്ലല്ലോ?"
എന്റെ മറുപടി ഒട്ടും ദഹിക്കാത്തവിധത്തില്‍ ഡയറക്‌ടര്‍ എന്നോടു വിസ്‌മയപൂര്‍വ്വം ചോദിച്ചു.
"താങ്കള്‍ എന്താണ് പറയുന്നത്?"
ആ വിസ്‌മയമെല്ലാം കാപട്യമാണെന്ന് എനിക്കു മനസ്സിലാകാതിരുന്നില്ല. ഇന്ത്യക്കാരെ അളക്കാനുളള ഒരു മുഴക്കോലാണതെന്ന് എനിക്ക് ബോദ്ധ്യമുണ്ടായിരുന്നു.
"എന്റെ രാജ്യമായ ഇന്ത്യക്ക് അയ്യായിരം വര്‍ഷത്തെ ചരിത്രമുണ്ട്. അതില്‍ സഹസ്രാബ്‌ദങ്ങള്‍ പഴക്കമുളള സംസ്‌കാരവുമുണ്ട്. ഭാരതീയ സംസ്‌കാരമെന്ന് ലോകമാകെ വിശേഷിപ്പിക്കുന്ന ഉത്തമസംസ്‌കാരം. ഒരു ജനതയുടെയോ ദേശത്തിന്റെയോ സംസ്‌കാരം ഉരുത്തിരിഞ്ഞു വരാന്‍ ഏറ്റവും ചുരുങ്ങിയത് മൂവായിരമോ മൂവായിരത്തി അഞ്ഞൂറോ വര്‍ഷം വേണ്ടിവരും. അതുകൊണ്ടാണ് അയ്യായിരം വര്‍ഷത്തെ ചരിത്രമുളള എന്റെ രാജ്യത്തിന് ഇത്രയും സമ്പന്നമായൊരു സംസ്‌കാരമുളളത്.
"അപ്പോള്‍ ഞങ്ങള്‍ക്കോ?"
എന്നെ അളക്കാനെന്ന മട്ടില്‍ തന്നെയാണ് അദ്ദേഹം ചോദിച്ചത്.
"അമേരിക്കക്കാര്‍ക്ക് അഞ്ഞൂറുവര്‍ഷത്തെ ചരിത്രമേയുളളൂ. ക്രിസ്‌റ്റഫര്‍ കൊളംബസ് 1492 ല്‍ അമേരിക്കന്‍ വന്‍കര കണ്ടുപിടിച്ചതിനുശേഷമുളള ചരിത്രം. അങ്ങിനെയുളള അമേരിക്കന്‍ ജനതക്ക് കഴിഞ്ഞ അഞ്ഞൂറുവര്‍ഷം കൊണ്ട് എങ്ങനെയാണൊരു സംസ്‌കാരം രൂപപ്പെടുക?"
എന്റെ മറുപടി കേട്ടപ്പോള്‍ അദ്ദേഹം പുഞ്ചിരി തൂകുക മാത്രമാണ് ചെയ്‌തത്.
"ചരിത്രപഠനമനുസരിച്ച് ഒരു സംസ്‌കാരം രൂപമെടുക്കാന്‍ ഒരു ദേശത്തിനു മൂവായിരമോ മൂവായിരത്തി അഞ്ഞൂറോ വര്‍ഷം വേണമെങ്കില്‍ അമേരിക്കക്ക് അങ്ങിനെയൊരു സംസ്‌കാരം ഉരുത്തിരിഞ്ഞുവരാന്‍ നാലായിരം വര്‍ഷമെങ്കിലും വേണ്ടിവരും."
എന്റെ മറുപടി കേട്ടപ്പോള്‍ വളരെ ജിജ്ഞാസയോടെ ഡയറക്‌ടര്‍ ചോദിച്ചു.
"അതിനെന്താണു കാരണം?"
"അമേരിക്ക എന്നു പറയുന്നത് യൂറോപ്പില്‍നിന്ന് കുടിയേറിയ ക്രിമിനലുകളുടെ രാജ്യമാണ്. അമേരിക്ക കണ്ടുപിടിച്ചയുടനെ നാടുംവീടുമെല്ലാം ഉപേക്ഷിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു ഭൂപ്രദേശത്ത് രണ്ടും കല്‍പിച്ച് പോകാന്‍ തയ്യാറായത് വല്ലാത്ത മുഷ്‌ക്കും ചട്ടമ്പി സ്വഭാവവുമുളള കുറേപ്പേരാണ്. അങ്ങിനെ ക്രിമിനല്‍ മനഃസ്ഥിതിയുളളവരുടെ പിന്‍തലമുറക്കാര്‍ക്ക് ഒരു നല്ല സംസ്‌കാരം രൂപപ്പെടുത്തിയെടുക്കാന്‍ മറ്റേതു ദേശക്കാരേയുകാള്‍ കൂടുതല്‍ സമയം വേണ്ടിവരും."
എന്റെ ആ വിശദീകരണത്തിനു മുന്നില്‍ ആ അമേരിക്കക്കാരന്‍ നിശ്ശബ്‌ദനായി നിന്നതേയുളളൂ. വാസ്‌തവത്തില്‍ ഇന്ത്യക്കാരില്‍ അധികം പേര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യം നമ്മുടെ സംസ്‌കാരത്തിന്റെ വിലയും മഹത്വവുമാണ്. സഹിഷ്‌ണതയാണ് ഭാരതീയ സംസ്‌കാരത്തിന്റെ ആധാരശിലയെന്നു പൊതുവെ പറയപ്പെടുന്നു. സഹിഷ്‌ണത എന്ന ആ പ്രയോഗം അര്‍ത്ഥപൂര്‍ണ്ണമല്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. സഹിഷ്‌ണത എന്ന പദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഇഷ്‌ടമില്ലെങ്കിലും എന്തിനെയെങ്കിലും സഹിക്കുകയെന്ന വിട്ടുവീഴ്‌ചാ മനോഭാവം എന്നാണ്. സഹിഷ്‌ണുതക്കു പകരം സ്വീകരിക്കാവുന്ന പദം ഉള്‍ക്കൊളളല്‍ എന്നാണ്. കാരണം വിദേശത്തു ജന്മമെടുത്ത മതങ്ങളേയും സംസ്‌കാരങ്ങളെയും തുറന്ന മനസ്സോടെ ഉള്‍ക്കൊളളാനുളള ഇന്ത്യന്‍ ജനതയുടെ മനോഭാവമാണ് നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കിയത്.
പക്ഷെ ഇതൊക്കെ അറിയാവുന്ന അമേരിക്കക്കാരന്‍ ആരേയും അളക്കാനാണ് ഇനിയും രൂപമെടുത്തിട്ടില്ലാത്ത അവരുടെ സംസ്‌കാരത്തെക്കുറിച്ച് ഏതൊരു ഇന്ത്യാക്കാരനോടും ചോദിക്കാറ്. പക്ഷെ വിദേശത്തെത്തുന്ന ഇന്ത്യന്‍ ബുദ്ധിജീവികള്‍ എന്ന് അവകാശപ്പെടുന്നവര്‍ ഇല്ലാത്ത ആ സംസ്‌കാരത്തിന്റെ മഹത്വം വര്‍ണ്ണിക്കുകയും ഇന്ത്യയെ മാത്രമല്ല മഹത്തായ ഇന്ത്യന്‍ സംസ്‌കാരത്തെപ്പോലും താഴ്‌ത്തിക്കെട്ടി സംസാരിക്കുകയും ചെയ്യും. ഇന്ത്യയുടെ മുഖം വിദേശങ്ങളില്‍ വികൃതമായിട്ടുണ്ടെങ്കില്‍ അതിനു ഉത്തരവാദികള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും എല്ലാ അനുഗ്രഹങ്ങളും പരമാവധി അനുഭവിച്ചുകൊണ്ടും വിദേശത്തുചെന്ന് മാതൃരാജ്യത്തെ തളളിപ്പറയുന്ന ആത്മവഞ്ചകരായ അത്തരം കപട ബുദ്ധിജീവികളാണ്. അപകര്‍ഷതാബോധം കൊണ്ടല്ല അങ്ങിനെ പറയുന്നത്. മറിച്ച് വിദേശ ആതിഥേയരെ എങ്ങിനെയെങ്കിലും പ്രീണിപ്പിക്കാനുളള ദാസ്യമനോഭാവം കൊണ്ടാണ്.
കൃതിയെപ്പറ്റി അഭിപ്രായമെഴുതുക